ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല; ക്ഷേത്രാചാരങ്ങളില്‍ അന്തിമതീരുമാനം തന്ത്രിയുടേത്; സര്‍ക്കാരിനെ തള്ളി താഴമണ്‍ കുടുംബം

തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങളെ തള്ളി താഴമണ്‍ മഠം. തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല. ശബരിമലയുടെ താന്ത്രികാവവകാശം കുടുംബപരമായി കിട്ടിയതാണ്. തന്ത്രിയെ ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം വിശദീകരണക്കുറിപ്പില്‍ പറയുന്നു
യുവതി പ്രവേശത്തെ തുടര്‍ന്ന് ആചാരലംഘനത്തില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ വഴക്കങ്ങള്‍ പ്രകാരവുമാണ് അത് പാലിച്ചുപോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണമാത്രമാണ്. ശമ്പളമല്ല. അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും താഴെമണ്‍ കുടുംബം പറയുന്നു.

തന്ത്രിയായി നിയമിച്ചത് ദേവസ്വം ബോര്‍ഡല്ല. താന്ത്രികസ്ഥാനം കുടംബപരമായി കിട്ടിയതാണ്. അതുകൊണ്ട് ശബരിമലയില്‍ തന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്നാണ് താഴമണ്‍ കുടംബം വിശദീകരിക്കുന്നത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് നല്‍കുന്ന വിശദീകരണമെന്നാണ് സൂചന.

thanthridewaswom boardSabarimala
Comments (0)
Add Comment