ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളെ തകര്‍ക്കുന്ന നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി തരീഖ് അന്‍വര്‍. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച കര്‍ഷക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിരുദ്ധാഭിപ്രായങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാരുകളുടെ ശ്രമം.എതിരഭിപ്രായം ഉണ്ടായാല്‍ ദേശവിരുദ്ധത ആരോപിച്ച് ജയിലിലടക്കുന്നു. ഹത്രാസിലേക്ക് പോയ കേരളത്തില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് യുപി സര്‍ക്കാര്‍ തുറുങ്കിലിട്ടത്. അത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ബിജെപി ആഗ്രഹിക്കുന്നത് ഏകാധിപത്യ ഭരണമാണ്. പൗരന്‍റെ അവകാശങ്ങള്‍ ബിജെപി സര്‍ക്കാരുകള്‍ കവര്‍ന്നെടുക്കുന്നു. ഭരണപരാജയം മറയ്‌ക്കാനുള്ള നടപടികളാണ് യുപിയിലെ ഹത്രാസില്‍ നടക്കുന്നത്.
രാജ്യത്താകമാനം മോദി സര്‍ക്കാരിനെതിരായ വികാരം അലയടിക്കുന്നു. തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ മറന്നു.കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്നും തൊഴിലില്ലായ്‌മ ഇല്ലാതാക്കുമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ അതിന് വിപരീത ദിശയിലാണ് കാര്യങ്ങളുടെ പോക്ക്. തൊഴിലില്ലായ്‌മ ക്രമാതീതമായി വര്‍ധിച്ചു. സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു. കാര്‍ഷിക മേഖലയും കര്‍ഷകരും ദുരിതമനുഭവിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു ബില്ലുകളും കര്‍ഷക താല്‍പ്പര്യം ഹനിക്കുന്നതാണ്. കര്‍ഷക സംഘടനുകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ നടത്തിയില്ല. കേര്‍പ്പറേറ്റ് താല്‍പ്പര്യം മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്.
കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ക്ക് കൃത്യമായ വില ലഭിക്കില്ല. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് മികച്ച താങ്ങുവില ലഭിക്കുമായിരുന്നു. കര്‍ഷകരെ വിശ്വാസിത്തിലെടുക്കാതെയാണ് മോദി ബില്ലുകള്‍ സഭകളില്‍ പാസ്സാക്കിയത്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. വോട്ടിംഗ് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ല. മോദി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. കര്‍ഷക ദ്രോഹ ബില്ല് പിന്‍വലിക്കുന്നത് വരെ കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭം തുടരും.രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ജിഡിപിയും ആളോഹരി വരുമാനവും കുത്തനെ ഇടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/ljXXnmRTT3w