കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടക്കിയത് സര്‍ക്കാര്‍: തമ്പാനൂര്‍ രവി

Jaihind Webdesk
Friday, August 2, 2019

കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പളം മുടങ്ങിയത് സര്‍ക്കാര്‍ ഫണ്ട് വക മാറ്റിയത് കാരണമെന്ന്  ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് തമ്പാനൂര്‍ രവി. ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നീക്കിവെച്ച തുകയില്‍ നിന്നും ആറ് കോടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും, എസ്.ബി.ഐ. ക്യാപിറ്റലിനും നല്‍കാന്‍ ഗതാഗതവകുപ്പ് ഉത്തരവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച് എല്‍.ഐ.സി, ബാങ്ക് എന്നിവിടങ്ങളില്‍ അടയ്ക്കാന്‍ തുക മാറ്റരുതെന്ന ഹൈക്കോടതി വിധി പോലും ലംഘിക്കുകയാണ് ചെയ്യുന്നത്. 30 കോടി രൂപയാണ് ഇതിനോടകം വകമാറ്റിയതെന്നും തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിപ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 65 കോടി നല്‍കേണ്ടത് കേരള സര്‍ക്കാരാണ്. എന്നാല്‍ അത് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കാന്‍ വരുമാനത്തിന്‍റെ വിഹിതമായി ട്രഷറിയില്‍ അടച്ചിരുന്ന തുകയില്‍ 41 കോടി രൂപ സര്‍ക്കാര്‍ കൊണ്ടുപോയി. ഇതോടെ വിരമിച്ചരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെട്ടു. യു.ഡി.എഫ്. ഭരണത്തില്‍ 1,300 കോടി രൂപയുടെ ബാങ്കിംഗ് കണ്‍സോര്‍ഷ്യ കരാറിന് രണ്ടു കോടി ഏജന്‍സി ഫീസായി നല്‍കിയപ്പോള്‍ അഴിമതി ആരോപിച്ചവര്‍ ഇപ്പോള്‍ 2,000 കോടിയുടെ കരാറിന് 5.5 കോടിയാണ് ഏജന്‍സി ഫീസ് നല്‍കുന്നത്.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുകയും ഗതാഗത വകുപ്പിന്‍റെ ഇടപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുകയും വേണമെന്ന് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. ജൂലൈ മാസത്തെ ശമ്പളം ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുമെന്നും തമ്പാനൂര്‍ രവി മുന്നറിയിപ്പ് നല്‍കി.