കോൺഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീർ അന്തരിച്ചു

Jaihind Webdesk
Friday, March 25, 2022

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കെപിസിസി വെസ്പ്രസിഡന്‍റുമായിരുന്ന തലേക്കുന്നില്‍ ബഷീർ അന്തരിച്ചു. അഞ്ച് വർഷത്തോളമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം ജീവിതത്തിലൂടെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു തലേക്കുന്നില്‍ ബഷീര്‍. കെ എസ് യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയുമാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിലെ സൗമ്യമായ ഒരു മുഖം കൂടിയാണ് വിടവാങ്ങുന്നത്.

കെഎസ് യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ തലേക്കുന്നില്‍ ബഷീര്‍ 1977 ല്‍ കഴക്കൂട്ടം നിയസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എ ആയി. പിന്നീട് എ കെ ആന്റണിക്ക് വേണ്ടി നിയമസഭാ അംഗത്വം രാജിവെച്ചു വഴിമാറി. 1977ലും 79 ലും രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 31-ാം വയസിലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. 1984, 1987 വര്‍ഷങ്ങളില്‍ ചിറയിന്‍കീഴില്‍ നിന്നുള്ള ലോക്‌സഭാംഗമായി. കെപിസിസി വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. 2011 ല്‍ കെപിസിസി ആക്ടിംഗ് പസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. പൊതുപ്രവര്‍ത്തനത്തിന് പുറമെ സാംസ്‌കാരിക സാഹിത്യ സഹകരണ രംഗത്തും തലേക്കുന്നില്‍ ബഷീര്‍ വ്യക്തിമുന്ദ്ര പതിപ്പിച്ചിട്ടുണ്ട്. വെളിച്ചം കൂടുതല്‍ വെളിച്ചം, മണ്ഡേലയുടെ നാട്ടില്‍, ഓളവും തീരവും, രാജീവ് ഗാന്ധിസുര്യതേജസ്സിന്റെ ഓര്‍മയ്ക്ക് തുടങ്ങി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍റെ ആദ്യ ചെയര്‍മാനായിരുന്ന തലേക്കുന്നില്‍ മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയായിരുന്നു. 1945ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ബഷീറിന്‍റെ ജനനം. തിരുവനന്തപുരം ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടന്‍ പ്രേംനസീറിന്റെ സഹോദരീ സുഹ്‌റ ബഷീറാണ് ഭാര്യ. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍ രോഗബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
പൊളിറ്റിക്കല്‍ ഡെസ്‌ക്