ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തില്‍ എറണാകുളം എംഎൽഎ യെ അവഗണിച്ചു

Jaihind Webdesk
Saturday, January 1, 2022

കേരളം സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് ടിജെ വിനോദ് എംഎല്‍എ.  എറണാകുളം എംഎൽഎ ആയ തന്നെ മാറ്റി നിർത്തിയത് തീർത്തും പ്രതിഷേധാർഹവും നിരുത്തരവാദിത്വവും പ്രോട്ടോകോൾ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു മുൻപ് രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വിശിഷ്ട അതിഥികളെ സ്വീകരിക്കുന്ന സംഘത്തിൽ നിന്നും  ടിജെ വിനോദ് എംഎല്‍എയെ  ഒഴിവാക്കിയിരുന്നു. തുടർച്ചയായി ഈ ഒഴിവാക്കലിന് പിന്നിൽ രാഷ്ട്രീയ നിഗൂഢതയുണ്ടോ എന്നു സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഈ ഒഴിവാക്കലിനെതിരെയും നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കേണ്ട അവകാശം നിഷേധിച്ചതിനെതിരെയും നിയമസഭാ പ്രിവിലേജ് കമ്മിറ്റി ചെയർമാനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ടിജെ വിനോദ് അറിയിച്ചു.