കൊവിഡ് നിയന്ത്രണത്തിൽ പിടിവിട്ട് കേരളം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയുടെ ആറിരട്ടി

Jaihind News Bureau
Monday, January 25, 2021

സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർനനവ് ഉണ്ടാകുന്നത്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയാണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആർ 12 നു മുകളിലെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആർ 10.5 ആണ്. ദേശീയ ശരാശരി രണ്ടിൽ താഴെ മാത്രമാണ്. മറ്റു ദക്ഷിണേന്തേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ പത്തിരട്ടിയാണ് കേരളത്തിലെ കണക്കുകൾ. കേരളത്തിൽ 72,891 പേർ ചികിത്സയിലുണ്ട്. ഒന്നര മാസത്തിലേറെയായി ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കൊവിഡ് ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കേരളത്തിലാണ് കൂടുതൽ. എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം പല ദിവസങ്ങളിലും ആയിരം കടന്നു.അതേസമയം സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3607 ആയി. മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിർത്താനായി എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ മറ്റ് രോഗങ്ങളുണ്ടായിരുന്ന കൊവിഡ് ബാധിതരുടെ മരണം കണക്കിൽ പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്ന ആക്ഷേപമുണ്ട്. രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർവ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ അവസ്ഥ കൊവിഡ് മാറിയെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ ഇടയാക്കുന്നു. ആദ്യ ഘട്ടങ്ങളിൽ കേരളത്തിന്‍റെ വിജയ മോഡലായി ഉയർത്തികാട്ടിയ സമ്പർക്ക പട്ടിക തയാറാക്കലും ക്വാറന്റീൻ ഉറപ്പു വരുത്തലുമെല്ലാം ഇപ്പോൽ പഴങ്കഥയാണ്.

എത്ര പേർക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സർവേയും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. അതേസമയം കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാൽ പ്രതിരോധം ഫലപ്രദമാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപെടുന്നത്. കൊവിഡ് വ്യാപനമുണ്ടാകുമ്പോഴും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാത്തത് വിമർശനത്തിന് ഇടാക്കുന്നു.