പ്രതിസന്ധികള്‍ക്കിടയിലും ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; മരട് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്കുകൂടി നീട്ടി നല്‍കി

തിരുവനന്തപുരം:  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുന്നതിനിടയിലും സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടരുന്നു. മരടിലെ ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനായി റിട്ട.ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മരട് കമ്മിറ്റിയുടെ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്കുകൂടി നീട്ടി നല്‍കി. അഞ്ച് മാസത്തെ കാലാവധിയിലായിരുന്നു കമ്മീഷനെ സുപ്രീം കോടതി നിയമിച്ചത്. ഇതാണിപ്പോള്‍ സര്‍ക്കാര്‍ നീട്ടിനല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിത സാലറി ചലഞ്ചും ഭീഷണിയുമായി രംഗത്തെത്തിയ സര്‍ക്കാര്‍ തന്നെയാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതും.

അതേസമയം ഭരണപരിഷ്കാര കമ്മീഷന് വേണ്ടി ചെലവഴിച്ച കോടികളുടെ കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാര കമ്മീഷന്‍റെ നാലാമത് സമിതിയാണ് ഇപ്പോഴുള്ളത്. ഭരണസംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങളും ആശയങ്ങളും നല്‍കുകയാണ് കമ്മീഷന്‍റെ പ്രധാന ചുമതല. എന്നാല്‍ കമ്മീഷന്‍ എന്തൊക്കെ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്നും അതില്‍ എന്തൊക്കെ നടപ്പാക്കി എന്ന ചോദ്യത്തിന് നാല് നിർദേശങ്ങളില്‍ ഒന്നും നടപ്പാക്കിയില്ലെന്നാണ് സര്‍ക്കാര്‍ മറുപടി. അതേസമയം വി.എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി 2019 വരെ ചെലവഴിച്ചത് ഏഴ് കോടിയിലേറെ രൂപയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments (0)
Add Comment