പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വർലൈനിന് ‘താല്‍ക്കാലിക സ്റ്റോപ്പ്’; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ

Jaihind Webdesk
Monday, November 28, 2022

തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സിൽവർലൈൻ പദ്ധതിയുടെ സര്‍വേ നിര്‍ത്തിവെക്കാന്‍ സര്‍ക്കാർ. റവന്യൂ വകുപ്പ് ജീവനക്കാരെ തിരികെ വിളിച്ച് സർക്കാർ ഉത്തരവിറക്കി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് ഉത്തരവിറക്കിയത്. റെയില്‍വേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

റെയില്‍വേ ബോർഡ് പദ്ധതി അംഗീകരിച്ചശേഷം സർവേ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആറു മാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് താൽക്കാലികമായി ഇവരെ തിരിച്ചു വിളിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കേരളാ റെയില്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ എംഡിക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സിൽവർലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. റവന്യൂ വകുപ്പിലെ മറ്റ പദ്ധതികൾക്കായി തിരികെ വിളിക്കുന്ന ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. ജനങ്ങളെ ആശങ്കയിലാഴ്ത്തിയ പദ്ധതിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ ഉയർന്നത്. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്.