വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ട മാനഭംഗത്തിനിരയാക്കിക്കൊന്ന കേസിൽ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി

Jaihind News Bureau
Monday, December 2, 2019

തെലുങ്കാനയിൽ ഇരുപത്തിയാറുകാരിയായ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തീ കൊളുത്തി കൊന്ന കേസിൽ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി. രാജ്യമ്പൊടും കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ ജനരോഷം ഭയന്നാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്.

ദേശീയപാതയായിരുന്നിട്ട് കൂടി, ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചതും, ഇതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന തരത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ പ്രതികരിക്കാത്തതിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.

നഗരങ്ങളിൽപ്പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നതിന്‍റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടി, #ഹാങ് ദ റേപ്പിസ്റ്റ്‌സ് (#hangtherapists) എന്ന ഹാഷ് ടാഗ് ക്യാംപെയ്‌നും തുടങ്ങിയിരുന്നു.

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്.
ട്രക്കുകളുടെ മറവിൽ ക്രൂരമായി ബലാത്സംഗം ചെയ്തു. ബോധം തെളിഞ്ഞ യുവതി കരയാൻ തുടങ്ങി. ഇതോടെ, യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ലോറിയിൽ കയറ്റി. രണ്ട് പേർ ഇവരുടെ സ്‌കൂട്ടറുമായി പമ്പുകളിൽ കറങ്ങി പെട്രോൾ വാങ്ങി. ഒഴിഞ്ഞ സ്ഥലത്തെ അടിപ്പാതയിലെത്തിച്ച് പിന്നീട് തീകൊളുത്തുകയായിരുന്നു.

കേസിലെ നാലു പ്രതികളെയും ചെർലപള്ളി സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലടച്ചു. ഇരുപതിനും ഇരുപത്തിനാലിനും ഇടയ്ക്ക് പ്രായമുള്ള ലോറി ജീവനക്കാരാണു പ്രതികൾ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളിൽനിന്ന് ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

നേരത്തെ കേസന്വേഷണത്തിനായി എത്തിയ പൊലീസുകാരുടെ നേർക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പുകളും കല്ലും എറിഞ്ഞു. അതേസമയം കൊല ചെയ്യപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദർശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാർ തടഞ്ഞിരുന്നു .