ഹൈദരാബാദ് ഏറ്റുമുട്ടൽക്കൊല : തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

Jaihind News Bureau
Monday, December 9, 2019

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലക്കേസിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എട്ടംഗ പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കവെയാണ് തെലങ്കാന സർക്കാർ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണം പൂർത്തിയായ ശേഷം ഈ സംഘം സർക്കാരിനും കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് തെലങ്കാന സർക്കാർ അറിയിക്കുന്നത്. രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം ഭഗവതായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുക. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കവേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ നാലുപേരെയാണ് പൊലീസ് വെടിവച്ചു കൊന്നത്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകേശവലു എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ പൊലീസിനെ ആക്രമിച്ചുവെന്നും തോക്ക് കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു കൊന്നു എന്നുമാണ് തെലങ്കാനാ പൊലീസ് വ്യക്തമാക്കുന്നത്.