തെലങ്കാനയില്‍ പ്രവാചകനിന്ദ നടത്തിയ രാജാ സിംഗിന് സീറ്റ് നല്‍കി ബിജെപി; പട്ടിക പുറത്തിറക്കുന്നതിന് മുമ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു


തെലങ്കാനയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ സംസ്ഥാനാധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ കരിംനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. നിസാമാബാദ് എംപി അരവിന്ദ് ധര്‍മപുരി കൊരട്ടലെ മണ്ഡലത്തില്‍ മത്സരിക്കും. ആദിലാബാദ് എംപി സോയം ബപ്പുറാവു ബോത്ത് മണ്ഡലത്തില്‍ മത്സരിക്കും. ബിആര്‍എസ്സില്‍ നിന്ന് കൂറു മാറി എത്തിയ എംഎല്‍എ ഈട്ടല രാജേന്ദര്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ ഗജ്‌വേലിലും, ഹുസൂറാബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ ഘോഷമഹല്‍ എംഎല്‍എ രാജാ സിംഗിനും ഇത്തവണ ബിജെപി സീറ്റ് നല്‍കി. പ്രവാചകനിന്ദയുടെ പേരില്‍ രാജാ സിംഗിനെ നേരത്തേ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്. പട്ടിക പുറത്തിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ബിജെപി വാര്‍ത്താക്കുറിപ്പിറക്കി. ആദ്യപട്ടികയില്‍ 10 വനിതകള്‍ക്കാണ് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ ഒരു സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ മൂന്ന് എംപിമാരെയാണ് രംഗത്തിറക്കുന്നത്.

Comments (0)
Add Comment