തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ. അയ്യപ്പന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടറുടെ നടപടി ശരിയാണ്. നോട്ടീസ് കൊടുക്കാനുള്ള അധികാരം കളക്ടർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഏറ്റവും അനുയോജ്യമായ എല്ലാ വശങ്ങളും കളക്ടർക്കറിയാം. കളക്ടർ പരിശോധിച്ച് തീരുമാനമെടുക്കും. പ്രഥമാ ദൃഷ്ട്യാ ലംഘനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാണ് കളക്ടർ നടപടി സ്വീകരിച്ചത്. ഇനി സുരേഷ് ഗോപി മറുപടി നൽകണം.
മറുപടിയുടെ അടിസ്ഥാനത്തിൽ കളക്ടർക്ക് നടപടി സ്വീകരിക്കാം. യുക്തമായ തീരുമാനം റിട്ടേണിങ്ങ് ഓഫീസർ എന്ന നിലയ്ക്ക് എടുക്കാൻ സാധിക്കുന്നയാളാണ് കളക്ടർ. എല്ലാ വശങ്ങളും പരിശോധിച്ച് കളക്ടർ തന്നെ ഈ വിഷയത്തിൽ യുക്തമായ തീരുമാനമെടുക്കും.ശബരിമല വിഷയം നിങ്ങൾക്ക് ഉന്നയിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിക്കരുത്. ദൈവത്തിന്റെ പേര് മാത്രം പ്രസംഗത്തിൽ ഉപയോഗിച്ചാൽ അത് പെരുമാറ്റ ചട്ട ലംഘനമാണ്. ദൈവത്തിന്റെ പേരിൽ വോട്ടു പിടിക്കാൻ ഒരു പ്രത്യേക പാർട്ടിക്ക് എന്താണിത്ര നിർബന്ധമെന്നും ടീക്കാ റാം മീണ ചോദിച്ചു. മാതൃകാ പെരുമാറ്റ ചട്ടം ഉണ്ടാക്കിയത് രാഷ്ട്രീയ പാർട്ടികളാണ് അല്ലാതെ ഇലക്ഷൻ കമ്മീഷനല്ല. അതിനാൽ അത് പാലിക്കാനും അവർ ബാധ്യസ്ഥരാണ്, ടീക്കാ റാം മീണ പ്രതികരിച്ചു.
അയ്യനെന്നാൽ സഹോദരനെന്നാണ് അർഥം എന്ന സുരേഷ് ഗോപിയുടെ വാദം ചൂണ്ടിക്കാണിച്ചപ്പോൾ അതവരുടെ വ്യാഖ്യാനങ്ങളാണെന്നും കളക്ടർ യുക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം ആവർത്തിച്ചു.
‘വിഷയവും ദൈവവും വ്യത്യസ്തമാണ്. യുവതീ പ്രവേശനം എന്ന വിഷയം ഉന്നയിക്കാതെ ദൈവത്തെ വലിച്ചിഴക്കുന്നതാണ് പ്രശ്നം. സാമുദായിക സൗഹാർദ്ദത്തിന് ഭംഗം വരുത്തുന്ന പ്രസംഗം നടത്താൻ പാടില്ല. ദൈവം എല്ലാവരുടേതുമാണ്. അത് ചിലരുടെ മാത്രം കുത്തകാവകാശമല്ല. ദൈവം വ്യക്തിപരമായ കാര്യമാണ്. വോട്ട് കിട്ടാൻ വേണ്ടിയും സങ്കുചിത ചിന്തയ്ക്കുമായും അത് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതല്ല’, ടീക്കാറാം മീണ കുട്ടിച്ചേർത്തു.