ഹിജാബ് ധരിക്കാന്‍ അനുവദിച്ചു; കർണാടകയില്‍ അധ്യാപകർക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, March 30, 2022

 

ബംഗളുരു: പരീക്ഷാ ഹാളില്‍ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ച അധ്യാപകര്‍ക്കെതിരെ നടപടി. എസ്എസ്എല്‍സി പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയത്. ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്കൂളിലെ 7 അധ്യാപകർക്കെതിരായാണ് നടപടിയെന്ന്  റിപ്പോർട്ടുകള്‍.

കഴിഞ്ഞ മാർച്ച് 15 ന് ഹിജാബ് വിവാദത്തില്‍ കർണാടക ഹൈക്കോടതിയുടെ വിധി വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നാംഗ ബെഞ്ചിന്‍റെ ഉത്തരവിട്ടു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

നേരത്തെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്‍റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ വിലക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സ്കൂള്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയില്‍ വ്യാപക സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.