അധ്യാപകന്‍റെ കൈവെട്ടിയ കേസ്; 13 വർഷത്തിനുശേഷം ഒന്നാം പ്രതി പിടിയില്‍

 

കണ്ണൂർ: കൈവെട്ടു കേസിലെ ഒന്നാം പ്രതി പിടിയില്‍. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദാണ് (38) കണ്ണൂരിൽ പിടിയിലായത്. എൻഐഎ ആണ് സവാദിനെ പിടികൂടിയത്. പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രൊഫ. ടി.ജെ. ജോസഫ് പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് പിടിയിലായത്. കേസിന് ആസ്പദമായ സംഭവം നടന്ന 2010 ജൂലൈ 4-ന് ആലുവയിൽ നിന്നു സവാദ് ബംഗളുരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത മങ്ങിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്. 54 പ്രതികളുള്ള കേസിൽ മറ്റ് പ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

Comments (0)
Add Comment