‘ശമ്പളപരിഷ്‌കരണം നടത്തിയിട്ടു മതി മേനിപറച്ചില്‍’ ; ജലീലിന്‍റെ സ്വയംപുകഴ്ത്തലിനെ പൊളിച്ചടുക്കി അധ്യാപകര്‍ ; മറുപടിയില്ലാതെ ‘മാന്യത’ പഠിപ്പിച്ച് മന്ത്രി

 

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയേയും പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിനെയും പ്രകീർത്തിച്ചുള്ള മന്ത്രി ജലീന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച അധ്യാപികയ്ക്ക് മന്ത്രിയുടെ പരിഹാസം. ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി അനുവദിച്ചതിനുപിന്നാലെ ‘ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി, വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം’ എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. ബജറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടിയുള്ള പ്രഖ്യാപനങ്ങളെ മന്ത്രി വാനോളം പുകഴ്ത്തിയിരുന്നു. ഇതിന് താഴെയാണ് അധ്യാപിക പ്രതികരണവുമായി രംഗത്തെത്തിയത്.

മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്നും 2006 ലെ നിരക്കിൽ ഇപ്പോഴും ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്‍പില്ലായ്മ കാരണമാണെന്നും  അധ്യാപിക പോസ്റ്റിന് താഴെ കുറിച്ചു. എന്നാല്‍ അസിസ്റ്റന്‍റ് പ്രൊഫസർക്ക് കുറച്ചു കൂടെ മാന്യതയാകാമെന്നും ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘വിതച്ചതല്ലേ കൊയ്യൂ’ എന്നും ജലീല്‍ പരിഹസിച്ചു.

പ്രസക്തമായ ചോദ്യത്തിനു മറുപടി നല്‍കാതെ അധ്യാപികയെ പരിഹസിച്ച മന്ത്രിക്കെതിരെ മറ്റ് അധ്യാപകരും രംഗത്തെത്തി. മന്ത്രിയുടെ പ്രതികരണം അത്യന്തം ബാലിശവും സ്ഥാനത്തിന് നിരക്കാത്തതുമാണെന്ന് കെപിസിടിഎ സ്റ്റേറ്റ് വുമൺ സെൽ കോ ഓർഡിനെറ്റർ ഡോ. ലക്ഷ്മി ആർ ചന്ദ്ര പറഞ്ഞു.

 

Comments (0)
Add Comment