ശബരിമല : സാവകാശ ഹർജി ഇന്ന് ഫയൽ ചെയ്യില്ല

ശബരിമല വിഷയത്തിൽ സാവകാശ ഹർജി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്ന് ഫയൽ ചെയ്യില്ല. ഹർജി തിങ്കളാഴ്ചയേ ബോർഡ് ഫയൽ ചെയ്യുകയുള്ളൂ.പ്രളയം, പ്രക്ഷോഭം എന്നിവയെ തുടർന്ന് സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായില്ല എന്നാകും ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിക്കുക.

ഹർജി ഇന്ന് ഫയൽ ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. എന്നാൽ സുപ്രീംകോടതി രജിസ്‌ട്രാർ ഓഫീസ് ശനിയാഴ്ച്ച ആയതിനാൽ ഇന്ന് ഉച്ച വരെ ഓഫീസ് പ്രവർത്തിക്കുകയുള്ളൂ. ഉച്ചയ്ക്ക് മുമ്പ് ബോർഡിന് ഹർജി നൽകാൻ കഴിയില്ല. ഹർജി തയ്യാറാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം സാവകാശ ഹർജിയിൽ ഉന്നയിക്കില്ല. അങ്ങനെ ഉന്നയിച്ചാൽ അത് സംസ്ഥാനസർക്കാരിനെ വെട്ടിലാക്കും.വിധി നടപ്പാക്കുന്നതിന് സമയ പരിധിയും ദേവസ്വം ബോർഡ് തേടില്ല. തിങ്കളാഴ്ച്ചയേ ഫയൽ ചെയ്യൂ എന്നുള്ളതിനാൽ അന്നു തന്നെ ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കും. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കിയ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷന്റെ 2006ലെ ഹർജിയിലായിരിക്കും സാവകാശ ഹർജി ഫയൽ ചെയ്യുക. വിധി നടപ്പാക്കാൻ കോടതി കൃത്യമായ സമയപരിധി കല്പിക്കുയകയോ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനോ ഉത്തരവിട്ടിട്ടില്ല. ആയതിനാൽ വിധി നടപ്പാക്കാൻ എങ്ങനെ സാവകാശം ചോദിച്ചു കോടതിയെ സമീപിക്കും എന്ന് ദേവസ്വം ബോർഡിനെ കുഴക്കുന്നുണ്ട്. പക്ഷെ കോടതിയെ സമീപിക്കാനുള്ള നിയമോപദേശം ബോർഡിന് കിട്ടിയുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ കേസിലെ ഉന്നതാധികാര സമിതി റിപ്പോർട്ടും നിർമാണങ്ങൾ വിലക്കണമെന്ന് കോടതി ശുപാർശ നൽകിയതും ബോർഡ് ഉയർത്തി കാട്ടും. ഇന്ന് ഫയൽ ചെയ്താലും തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ മാത്രമേ മെൻഷനിംഗ് ഉണ്ടാകൂ.

അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചാൽ യുവതീ പ്രവേശന വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിന് മുൻപാകെ കേസ് ലിസ്റ്റ് ചെയ്യും. അപേക്ഷ പരിഗണിക്കാൻ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് വിസമ്മതിക്കാനും സാധ്യതയുണ്ട്.

അപേക്ഷ ജനുവരിയിൽ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കാനാണ് മറ്റൊരു സാധ്യത.

SabarimalaSupreme Court of India
Comments (0)
Add Comment