ടാക്‌സ് സ്ലാബുകളില്‍ മാറ്റമില്ല; അഞ്ചുലക്ഷം വരെയുള്ളവര്‍ക്ക് പ്രഖ്യാപിച്ചത് റിബേറ്റ്

Jaihind Webdesk
Friday, February 1, 2019

ന്യൂഡല്‍ഹി: ടാക്‌സ് സ്ലാബുകളില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയാണ് ബജറ്റില്‍ പ്രഖ്യാപനം നടത്തിയതെങ്കിലും ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഇളവിന്റെ ഗുണം പൂര്‍ണ്ണമായി ലഭിക്കില്ല.

ആദായ നികുതി ഇളവു ലഭിക്കുന്നതിനുള്ള വരുമാന പരിധി നിലവില്‍ രണ്ടര ലക്ഷമാണ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. അഞ്ചു മുതല്‍ പത്തു ലക്ഷം വരെ ഇരുപതു ശതമാനവും പത്തു ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. ഈ സ്ലാബുകളില്‍ ഇത്തവണത്തെ ബജറ്റിലും മാറ്റമൊന്നും വരുത്തിയിട്ടില്ല.

ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ഇളവു പരിധിക്കുള്ള അടിസ്ഥാന തുകയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാല്‍ ആറു ലക്ഷം വരുമാനമുള്ള ഒരാള്‍ രണ്ടര ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു നികുതി നല്‍കേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടര ലക്ഷത്തിനു മുകളില്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അതിനു മുകളിലുള്ള വരുമാനത്തിന് ഇരുപതു ശതമാനവും നികുതി നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.