ജനങ്ങൾക്ക് അധിക നികുതി ഭാരം അടിച്ചേൽപിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ 11-ആം ബജറ്റ്. സർക്കാർ സേവനങ്ങൾക്കടക്കം ഫീസ് കൂട്ടി.. ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചും വാഹന നികുതി കുത്തനെ കൂട്ടിയും അധിക വരുമാനം കണ്ടെത്താനുള്ള നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. റവന്യൂ കമ്മി 1.55 ശതമാനവും ധനകമ്മി 3 ശതമാനവും വർധിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വരുമാനം വർധിപ്പിക്കുന്നതിന് ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് തോമസ് ഐസക്ക് തന്റെ ബഡ്ജറ്റിലുൾപ്പെടുത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് നൽകണം, തണ്ഡ പേർ പകർപ്പിന് 100 രൂപ, ഇതടക്കം സർക്കാർ സേവനങ്ങൾക്ക് ഇനി സാധാരണക്കാരുടെ കൈ പൊള്ളും.
പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബഡ്ജറ്റ് തിരിച്ചടിയായി. 2 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകൾക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനവുമാണ് നികുതി വർദ്ധനവ്. യാത്രാ നിരക്ക് കൂട്ടാൻ ഇടയാക്കുന്നവയാണ് മറ്റ് നിർദ്ദേശങ്ങൾ.
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോകൾക്ക് ആദ്യ അഞ്ച് വർഷത്തെ റിബേറ്റ് എടുത്ത് കളഞ്ഞു.
ഫാൻസി നമ്പറുകളുടെ ശ്രേണിയിലിപ്പോൾ 74 നമ്പറുകളാന്നുള്ളത്. ഇതിലേക്ക് കൂടുതൽ നമ്പറുകൾ ഉൾപ്പെടുത്തും. വൻകിട പ്രോജെക്ടുകൾക്ക് അടുത്ത് നോട്ടിഫൈ ചെയ്യപ്പെടുന്ന ഭൂമിക്ക് ന്യായവില 30 ശതമാനം വരെ ഉയരും. അതേ സമയം നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ- ഇൻവോയിസുകൾ ഏർപ്പെടുത്തും.ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചപ്പോൾ അനർഹരെന്ന പേരിൽ നിരവധി പേർ പട്ടികയ്ക്ക് പുറത്താകുമെന്ന് ഉറപ്പായി.