കൊവിഡ്; നികുതി വര്‍ധനവുകളും സർക്കാർ സേവനങ്ങൾക്കുള്ള അധിക ചാർജുകളും മരവിപ്പിക്കണം: പാലോട് രവി

Jaihind News Bureau
Thursday, March 26, 2020

 

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്തു ശതമാനം വർധിപ്പിച്ചതുൾപ്പെടെ 2020 -21 ബജറ്റിൽ സംസ്ഥാന സർക്കാർ വരുത്തിയ സാധാരണക്കാരെ ബാധിക്കുന്ന നികുതി വര്‍ധനവുകളും സർക്കാർ സേവനങ്ങൾക്കുള്ള അധിക ചാർജുകളും അടിയന്തരമായി മരവിപ്പിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർത്ഥിച്ചു.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമിയിടപാടുകളിലെ മുദ്രപത്രനിരക്ക്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ആശുപത്രി സേവനനിരക്കുകൾ, സ്ക്കൂളുകളുടേതുൾപ്പെടെയുള്ള വാഹനങ്ങളുടെ നികുതി എന്നിവയിൽ വരുത്തിയ വർധന പുതിയ സാഹചര്യത്തിൽ സാധാരണക്കാർക്ക് താങ്ങാനാവില്ല.

വൻ കിട പ്രോജക്ടുകൾക്കുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനവും സംസ്ഥാനത്തിന്‍റെ വികസനത്തിന് വിഘാതമാകും- മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.