അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍ എംപി

 

തിരുവനന്തപുരം: മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment