ന്യൂഡൽഹി: ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിക്കും മുദ്രാവാക്യങ്ങൾക്കുമിടയില്‍ മൗനത്തിന്റെ സൗന്ദര്യം എന്താണെന്ന് ഭാരത് ജോഡോ യാത്ര പഠിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാർ സ്വാഭാവികമായിത്തന്നെ സ്നേഹമുള്ളവരാണെന്ന് ഈ യാത്രയിലൂടെ തെളിയിച്ചുവെന്നും രാഹുൽ എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ എല്ലായിടത്തും സ്നേഹത്തിന്റെ ശബ്ദം എത്തിക്കുക എന്നതാണ് ഇനിയുള്ള ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാർഷികത്തിലാണ് ‘എക്സി’ൽ രാഹുലിന്റെ കുറിപ്പ്.
തൊട്ടടുത്തിരിക്കുന്ന മനുഷ്യനെ കേൾക്കാനായി. 145 ദിവസത്തെ യാത്രയിൽ ആയിരക്കണക്കിന് മനുഷ്യരുടെ പ്രശ്നങ്ങള്‍ അറിഞ്ഞു. ഇതൊക്കെ എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു. വിദ്വേഷത്തെ സ്നേഹംകൊണ്ടും ഭയത്തെ പ്രതീക്ഷകൊണ്ടും കീഴടക്കാമെന്നാണ് യാത്ര തുടങ്ങുമ്പോൾ ഞാൻ പറഞ്ഞത്. രാജ്യത്തിന്റെ എല്ലാ മൂലയിലും സ്നേഹം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും രാഹുൽ കുറിച്ചു.