വിക്ടോറിയ തടാകത്തിൽ യാത്രാ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 136 ആയി

ടാൻസാനിയയിൽ വിക്ടോറിയ തടാകത്തിൽ യാത്രാ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 136 ആയി. മരണസംഖ്യ 200 കടക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ 37 പേരെ രക്ഷിക്കാനായെന്ന് ടാൻസാനിയൻ പൊലീസ് മേധാവി അറിയിച്ചു.

100 പേർക്ക് മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ നാനൂറോളം പേരുണ്ടായതായാണ് വിവരം. ടിക്കറ്റ് വിതരണം ചെയ്ത ആളും കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള എംവി നെയ്‌റേ എന്ന ബോട്ടാണ് മുങ്ങിയത്. ഈയിടെ ബോട്ടിന്റെ രണ്ട് എൻജിൻ അറ്റകുറ്റപ്പണിക്ക് വിധേയമാക്കിയിരുന്നു. ടിക്കറ്റിംഗ് മെഷീനും നഷ്ടപ്പെട്ടതിനാൽ എത്രപേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഉക്കോറ, ബുഗോലോറ എന്നീ ദ്വീപുകൾക്കിടയിൽ തീരത്തിനടുത്തായിരുന്നു സംഭവം. ബോട്ട് കീഴ്‌മേൽ മറിയുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ നാട്ടുകാരും സജീവമായി രംഗത്തുണ്ട്. താൻസാനിയയിൽ യാത്രാ ബോട്ടുകൾ തകർന്നുള്ള അപകടം സാധാരണമാണ്. പഴക്കമേറിയതും കാര്യക്ഷമതയില്ലാത്തതുമായ ബോട്ടുകളാണ് വിക്ടോറിയ തടാകത്തിൽ ഓടുന്നത്. 1996ൽ എണ്ണൂറിലധികംപേർ കൊല്ലപ്പെട്ട ബോട്ടപകടമുണ്ടായിരുന്നു. ആറുവർഷം മുൻപ് 144 പേർ കൊല്ലപ്പെട്ട അപകടവുമുണ്ടായി.

Comments (0)
Add Comment