തന്ത്രിമാര്‍ ജീവനക്കാര്‍ മാത്രം; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്; മറുപടിയുമായി ദേവസ്വം മന്ത്രി

Jaihind Webdesk
Thursday, December 6, 2018

തിരുവനന്തപുരം: ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയസമഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തന്ത്രി ദേവസ്വം ബോര്‍ഡിന്‍റെ 6,000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്‍റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താന്ത്രിക ജോലി നിര്‍വഹിക്കുമ്പോള്‍ തന്ത്രിമാര്‍ ബോര്‍ഡിലെ എതൊരു ജീവനക്കാരനേയും പോലെ ബോര്‍ഡിന്‍റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാര്‍ക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.