കണ്ണൂർ ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞു ; വാതക ചോർച്ചയുള്ളതായി സംശയം

Jaihind Webdesk
Thursday, May 6, 2021

കണ്ണൂർ : കണ്ണൂർ ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. നേരിയ വാതകചോർച്ച ഉണ്ടെന്ന് ഫയർഫോഴ്സ്. പരിക്കേറ്റ ഡ്രൈവറെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരം ഭാഗത്തുനിന്നു വന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോര്‍ച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു.

പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ ടാങ്കറിനു മുകളിലേക്ക് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ചു കൊണ്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. അപകടസ്ഥലത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.