തമിഴ്‌നാട് സ്വകാര്യ ഫാക്ടറിയില്‍ വാതകചോര്‍ച്ച; ഇരുപതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി


തമിഴ്‌നാട് സ്വകാര്യ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. തമിഴ്‌നാട് എണ്ണൂരിലെ ‘കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്’ എന്ന വളം നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. അമോണിയ വാതകമാണ് ചോര്‍ന്നതെന്നാണ് വിവരം. വാതകം ശ്വസിച്ച സമീപവാസികളായ ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കടലിലെ അമോണിയ സംഭരണ കേന്ദ്രത്തില്‍ നിന്ന് വാതകം എത്തിക്കുന്ന പൈപ്പ് ലൈനില്‍ ഇന്നലെ രാത്രിയാണ് ചോര്‍ച്ച ഉണ്ടായത്. വാതകം ചോര്‍ന്നതോടെ, പെരിയക്കുപ്പം, ചിന്നക്കുപ്പം തുടങ്ങിയ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധവും ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പോലീസും അധികാരികളും ചേര്‍ന്ന് പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രിയില്‍ തന്നെ കമ്പനി വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി. വാതകച്ചോര്‍ച്ച പരിഹരിച്ചെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചെന്നൈ കോര്‍പ്പറേഷന്‍ ജോയിന്റ് കമ്മിഷണറും അറിയിച്ചു.

Comments (0)
Add Comment