തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളില്‍ മഴക്കെടുതി തുടരുന്നു; ട്രെയിനില്‍ കുടുങ്ങിയ 500 പേരെ ഇനിയും രക്ഷപ്പെടുത്താനായില്ല


തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലെ മഴക്കെടുതി തുടരുന്നു. വിവിധ ജില്ലകളിലായി 4 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശ്രീ വൈകുണ്ടത്ത് രണ്ട് ദിവസമായി ട്രെയിനില്‍ കുടുങ്ങിയ 500 പേരെ ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തില്‍ തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. തിരുനെല്‍വേലിയില്‍ മൂന്നുപേരും വിരുദനഗറില്‍ ഒരാളുമാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. രണ്ടു ദിവസമായി ശ്രീ വൈകുണ്ടത്ത് ട്രെയിനില്‍ കുടുങ്ങിയ 500 യാത്രക്കാരെ ഇനിയും രക്ഷപ്പെടുത്താന്‍ ആയിട്ടില്ല. 800 യാത്രക്കാരില്‍ 300 പേരെ രക്ഷപ്പെടുത്തിയ ശേഷം വെള്ളം ഉയര്‍ന്നതോടെ എന്‍ഡിആര്‍എഫ് സംഘത്തിന് പ്രദേശത്തേക്ക് എത്താന്‍ ആകുന്നില്ല. ആരോഗ്യസ്ഥിതി മോശമായ ഗര്‍ഭിണിയും ഒന്നരമാസം പ്രായമുള്ള കുട്ടിയടക്കം നാലു പേരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് 37 മണിക്കൂറിനു ശേഷം ഭക്ഷണവും വെള്ളവും എത്തിച്ചു. നാല് ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ച് കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനാണ് ശ്രമം.

തൂത്തുക്കുടി തിരുനെല്‍വേലി ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ് കന്യാകുമാരി ,തെങ്കാശി ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 23 ട്രെയിനുകള്‍ റദ്ദാക്കി. അതിനിടെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതാണ് ദുരിതത്തിന് കാരണമാണ് മുഖ്യമന്ത്രി പറഞ്ഞു. നാളെ പ്രളയ ബാധിത മേഖലകളില്‍ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തും.

 

Comments (0)
Add Comment