തമിഴ്നാട് നാളെ വിധിയെഴുതും; 39 സീറ്റും പിടിക്കാന്‍ എം.കെ സ്റ്റാലിന്‍

 

തമിഴ്നാട് വെള്ളിയാഴ്ച വിധിയെഴുതും. ആകെയുള്ള 39 സീറ്റും പിടിക്കാനാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശ്രമിക്കുന്നത്. അത്ഭുതം കാട്ടാനാകുമോ എന്ന ശ്രമത്തിലാണ് അണ്ണാമലൈ. വെള്ളിയാഴ്ച ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ രാജ്യത്തെ 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 21 സംസ്ഥാനങ്ങള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നുണ്ടെങ്കിലും തമിഴ്‌നാട് ഒന്നടങ്കം വെള്ളിയാഴ്ച ബൂത്തിലെത്തുന്നു എന്നതും പ്രത്യേകതയാണ്. റോഡ്ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇളക്കിമറിച്ച തമിഴകത്തിന്‍റെ ട്രാക്കില്‍ ഇന്ത്യാ സംഖ്യത്തിന് മുന്നിലെത്താന്‍ സാധിക്കുമെന്ന് സുനിശ്ചിതമാണ്. എന്നാല്‍ ഒന്നാമന്‍റെ നിലവിലെ ട്രാക്ക് റെക്കോഡില്‍ ഇടിവ് ഉണ്ടാകുമോ, രണ്ടാമന്‍ ആരാകും എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.

ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കഴിഞ്ഞ തവണ 39-ല്‍ കൈവിട്ട ഏകസീറ്റുംകൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ രാഹുല്‍ഗാന്ധിയും എംകെ സ്റ്റാലിനും നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുള്ളത്. 2019-ല്‍ ഒന്നിച്ച് മത്സരിച്ച മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാനിറങ്ങിയതോടെ ഇത്തവണ ത്രികോണ മത്സരമാണ് തമിഴകത്ത്. തേനി സീറ്റില്‍ മാത്രമാണ് 2019-ല്‍ എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്. ജയലളിതയുടെ വിയോഗത്തോടെ ചിന്നിച്ചിതറിയ എഐഎഡിഎംകെ ഇത്തവണ കാര്യമായ സഖ്യങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

പാര്‍ട്ടിയുടെയും ഇപ്പോള്‍ അതിനെ നയിക്കുന്ന മുന്‍മുഖ്യമന്ത്രി പളനിസാമിക്കും തിരഞ്ഞെടുപ്പ് അതിജീവന പോരാട്ടമാണ്. മറുഭാഗത്ത് എഐഎഡിഎംകെയുമായുള്ള സഖ്യം വിട്ട് ജീവന്മരണ പോരാട്ടത്തിലാണ് ബിജെപിയും പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയും. സനാതനധര്‍മ്മം മുതല്‍ കച്ചത്തീവ് ദ്വീപ് വിഷയംവരെ ഉയര്‍ത്തിക്കാട്ടി പ്രധാനപ്രതിപക്ഷത്തിന്‍റെ റോളില്‍ പ്രചാരണത്തിനിറങ്ങിയ ബിജെപിക്ക് ദ്രാവിഡ മണ്ണില്‍ കാലുറയ്ക്കുമോ എന്നതിന്‍റെ ജനവിധികൂടിയാണ് ഇത്തവണത്തേത്.

 

Comments (0)
Add Comment