രാഷ്ട്രീയ ബിംബങ്ങളില്ലാതെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

Jaihind Webdesk
Tuesday, February 26, 2019

ഇത്തവണ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്നത്.  ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉലകനായകന്‍റെ താരപ്പൊലിമയും കരുണാനിധിയുടേയും ജയലളിതയുടേയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് എന്ന നിലയിലും തമിഴ്‌നാട്ടിലെ പോരാട്ടം ശ്രദ്ധേയമാകും.

രാഷ്ട്രീയ ബിംബങ്ങളില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇക്കുറി തമിഴ് നാട്ടിൽ കളമൊരുങ്ങുന്നത്. കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 9 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങിയിരിക്കുന്നു. കമലഹാസന്‍റെ പാർട്ടി മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിലും തമിഴ്‌നാട്ടിൽ പോരാട്ട ചൂടേറും.

താൻ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കമൽഹാസൻ തയാറായിട്ടില്ല. മക്കൾ നീതി മയ്യം ബിജെപിയുടെ ബി ടീമല്ലെന്ന് ഡിഎംകെയ്ക്ക് കമൽഹാസൻ മറുപടി നൽകിയിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെയും പിഎംകെയുമായി സഖ്യം ചേർന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ശ്രമം ബിജെപി തുടങ്ങിക്കഴിഞ്ഞു. നിർണായകമാകുന്ന മറ്റ് ചെറു പാർട്ടികളെ പ്രലോഭിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി പാളയത്തിൽ നടക്കുന്നത്.