ചെന്നൈയിലേക്ക് KSRTC ബസ് സര്‍വീസ് വേണം; ഗതാഗതമന്ത്രിക്ക് കോണ്‍ഗ്രസ് തമിഴ്നാട് ഘടകത്തിന്‍റെ കത്ത്

ചെന്നൈയിലേക്ക് കേരളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനുവദിക്കണമെന്ന് കോൺഗ്രസ് തമിഴ്നാട് ഘടകം. എ.ഐ.സി.സി അംഗം ജയകുമാറിന്‍റെ നേതൃത്വത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കത്ത് നൽകി. സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കെ.എസ്.ആർ.ടി.സി ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

നിലവില്‍ ചെന്നൈയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇല്ല. കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയ റൂട്ടുകളിൽ നിന്ന് സ്വകാര്യ ബസുകൾ കൊള്ള ലാഭമാണ് കൊയ്യുന്നത്. റൂട്ടില്‍ പ്രതിയോഗികളില്ലാത്തതിനാല്‍ സ്വകാര്യബസുകള്‍ തോന്നുംപോലെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സര്‍വീസിനെക്കുറിച്ച് വ്യാപക പരാതികളും ഉയരുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് ലോബികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ബസുകളെകളിലെ ദുരനുഭവങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനം നേരിട്ടതിന് പിന്നാലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ കാര്യക്ഷമമായി സർവീസ് നടത്തിയാല്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും നിലവില്‍ കെ.എസ്‍.ആർ.ടി.സി സര്‍വീസുകളില്ലാത്തതിനാല്‍ സ്വകാര്യബസുകളെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നൈയിലേക്ക് കെ.എസ്.ആർ.ടി.സി സര്‍വീസ് വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകത്തിന്‍റെ നേതൃത്വത്തില്‍ ഗതാഗതമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

KSRTCChennai
Comments (0)
Add Comment