കാബൂള്‍ : അഫ്ഗാനിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ വനിതാ പൊലീസുകാരിയെ വെടിവെച്ചുകൊന്നു. ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നില്‍വെച്ച് നിരവധി തവണ തലയിലേക്ക് വെടിയുതിർത്താണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
ബനൂ നെഗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും ഇവർ ഗർഭിണിയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്‌കോയിലെ കുടുംബ വീട്ടിവെച്ചായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ നെഗറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാന്‍ പറഞ്ഞു.
പ്രദേശത്തെ ജയിലില്‍ ജോലി ചെയ്തിരുന്ന നെഗര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തോക്കുധാരികളായ മൂന്ന് പേര്‍ ശനിയാഴ്ച വീട്ടിലെത്തി തിരച്ചില്‍ നടത്തിയെന്നും കുടുംബാംഗങ്ങളെ ബന്ധനത്തിലാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. എത്തിയവര്‍ അറബിയില്‍ സംസാരിക്കുന്നത് കേട്ടുവെന്നും ദൃസാക്ഷികള്‍ പറഞ്ഞു.