തളിപ്പറമ്പിലെ കനത്ത പോളിംഗും സംശയത്തിന്‍റെ നിഴലില്‍; കള്ളവോട്ട് നടന്നതായി ആക്ഷേപം

Jaihind Webdesk
Sunday, April 28, 2019

False Vote

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലെ കനത്ത പോളിംഗും സംശയത്തിന്‍റെ നിഴലിൽ. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 45 ബൂത്തുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 12 ബൂത്തുകളിൽ 95 ശതമാനവും കടന്ന് റെക്കോർഡ് സ്ഥാപിച്ചു. ഈ ബൂത്തുകളിൽ സി.പി.എം വ്യാപകമായി കളളവോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫ് ആക്ഷേപം.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 86.21 ശതമാനമാണ് ആകെ പോളിംഗ്. സി.പി.എം ശക്തികേന്ദ്രമായ ആന്തൂർ, മൊറാഴ, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ് നടന്നത്. മൊറാഴയിൽ ഏറ്റവും കൂടുതൽ വോട്ടെടുപ്പ് നടന്നത് 109, 110, 111, 113 ബൂത്തുകളിലാണ്. ആന്തൂരിൽ ബൂത്ത് നമ്പർ 120, 121, പറശിനിയിലെ 122, 125 ബൂത്തുകള്‍ കുറ്റിയാട്ടൂരിലെ 177-ാം  നമ്പര്‍ ബൂത്തിലും മലപ്പട്ടത്തെ 190 ബൂത്തിലും 90% ശതമാനത്തിൽ അധികം പോളിംഗ് രേഖപ്പെടുത്തി. ഇവയെല്ലാം സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെയുള്ള പല ബൂത്തുകളിലും യു.ഡി.എഫ് ഏജൻറുമാരെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ല. വോട്ടെടുപ്പിനിടെ യു.ഡി.എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കണ്ടക്കൈയിലെ 142, 143 ബൂത്തുകളിലും പോളിംഗ് നിരക്ക് 90 ശതമാനത്തിൽ അധികമാണ്.

45 ബൂത്തുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 12 ബൂത്തുകളിൽ 95 ശതമാനവും കടന്ന് റെക്കോർഡ് സ്ഥാപിച്ചു. താരതമ്യേന പോളിംഗ് കുറഞ്ഞത് നഗരസഭാ പരിധിയിലാണ്. ഇതിൽ കുവോട്, കുറ്റിക്കോൽ മേഖലയിൽ പോളിംഗ് 90 ശതമാനത്തിന് മുകളിലാണ്. ഇവയും സി.പി.എം കേന്ദ്രങ്ങളാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആക്ഷേപം യു.ഡി.എഫ് ഇതിനകം തന്നെ ഉയർത്തിട്ടുണ്ട്. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും, കള്ളവോട്ട് ചെയ്തവർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.