പ്രസാദിന്റെ ആത്മഹത്യയില്‍ ഒന്നാംപ്രതി സര്‍ക്കാര്‍; യുഡിഎഫ് കുറ്റപത്രം പുറത്തിറക്കുമെന്ന് ടി.സിദ്ദിഖ്


കുട്ടനാടിലെ കര്‍ഷകനായ പ്രസാദിന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ഒരു ഭാഗത്ത് ധൂര്‍ത്തിന് സര്‍ക്കാരിന് പണമുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് നയാപൈസ നല്‍കുന്നില്ല. കര്‍ഷക കുറ്റപത്രം സര്‍ക്കാരിനെതിരെ യുഡിഎഫ് തയ്യാറാക്കും. കര്‍ഷകന്റെ യഥാര്‍ത്ഥ അവസ്ഥയാണ് പ്രസാദ് അവസാനമായി പറഞ്ഞത്. ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പ്രസാദിന്റെ വാക്കുകള്‍ മരണ മൊഴിയായി സ്വീകരിച്ച് സര്‍ക്കാറിനെതിരെ കേസ് എടുക്കണം. തികഞ്ഞ അനീതിയാണ് കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത്.

അന്നമൂട്ടുന്ന കര്‍ഷകന് സര്‍ക്കാര്‍ നല്‍കുന്നത് കൊലക്കയറാണ്. അതിന്റെ ഒടുവിലത്തെ ഇരയാണ് പ്രസാദ്. കേരളത്തിലെ കര്‍ഷകര്‍ക്ക് പിആര്‍എസ് ഷീറ്റ് കൊടുക്കുന്നു. പിആര്‍എസ് ഷീറ്റുമായി ബാങ്കില്‍ പോയാല്‍ പണം കിട്ടുന്നില്ല. വായ്പയും നല്‍കുന്നില്ല. ഇതില്‍ ഒന്നാം പ്രതി സര്‍ക്കാറും രണ്ടാം പ്രതി ബാങ്കുമാണ്. ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം. ഇതിന് മുന്‍പ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കര്‍ഷക കടാശ്വാസ കമ്മീഷന്റെ അവാര്‍ഡ് തുക സര്‍ക്കാര്‍ കൊടുക്കുന്നില്ല. അതിനാല്‍ കമ്മീഷന്‍ സിറ്റിങ് പോലും നടന്നില്ല. കമ്മീഷനെ സര്‍ക്കാര്‍ വന്ധ്യകരിച്ചുവെന്നും ടി സിദ്ദീഖ് ആരോപിച്ചു.

 

Comments (0)
Add Comment