സംഘപരിവാറിന് ശശികല പോലെ സിപിഎമ്മിന് വിജയരാഘവന്‍ ; ഈ സൂക്കേട് മനസിലാകുന്നുണ്ട് : സിദ്ദിഖ്

Jaihind Webdesk
Wednesday, January 27, 2021

T-Siddique

 

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്. സംഘപരിവാറിന് ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു എ വിജയരാഘവനെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

യുഡിഎഫിലെ സഖ്യകക്ഷികൾ എവിടെ എങ്ങനെ യോഗം ചേരണമെന്ന് തീരുമാനിക്കുന്നത്‌ വിജയരാഘവനും സിപിഎമ്മുമല്ല. പാണക്കാട്‌ വീട്ടിൽ കേരളത്തിൽ കോൺഗ്രസ്‌ ഉണ്ടായ കാലം മുതൽ നേതാക്കൾ പോകുന്നതാണ്. ഇനിയും പോകും. അതിൽ വർഗ്ഗീയ രാഷ്ട്രീയം കാണുന്ന വിജയരാഘവന്‍റെ സൂക്കേട്‌ എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരമില്ലെങ്കിലും ഉണ്ടെങ്കിലും കേരളത്തിൽ വർഗ്ഗീയത ഇളക്കി വിടുന്നത്‌ ഒരു പാർട്ടിക്കും നല്ലതല്ല. ഇസ്ലാമോഫോബിയ വഴി വീണ്ടും അധികാരത്തിലെത്താം എന്നാണു സിപിഎം കരുതുന്നതെങ്കിൽ അത്‌ കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സംഘപരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു A വിജയരാഘവൻ. കേരളീയ പൊതുസമൂഹത്തിൽ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന വിജയരാഘവൻ ഇന്ന് പറഞ്ഞിരിക്കുന്നത്‌ പാണക്കാട്‌ തങ്ങളുടെ വീട്ടിൽ പോയ കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരെയാണു. യുഡിഎഫിലെ സഖ്യകക്ഷികൾ എവിടെ എങ്ങനെ യോഗം ചേരണമെന്ന് തീരുമാനിക്കുന്നത്‌ വിജയരാഘവനും സിപിഎമ്മുമല്ല. പാണക്കാട്‌ വീട്ടിൽ കേരളത്തിൽ കോൺഗ്രസ്‌ ഉണ്ടായ കാലം മുതൽ നേതാക്കൾ പോകുന്നതാണു. ഇനിയും പോകും. അതിൽ വർഗ്ഗീയ രാഷ്ട്രീയം കാണുന്ന വിജയരാഘവന്റെ സൂക്കേട്‌ എന്താണു എന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവുന്നുണ്ട്‌. അധികാരമില്ലെങ്കിലും ഉണ്ടെങ്കിലും കേരളത്തിൽ വർഗ്ഗീയത ഇളക്കി വിടുന്നത്‌ ഒരു പാർട്ടിക്കും നല്ലതല്ല. ഇസ്ലാമോഫോബിയ വഴി വീണ്ടും അധികാരത്തിലെത്താം എന്നാണു സിപിഎം കരുതുന്നതെങ്കിൽ അത്‌ കേരളത്തിൽ നടക്കാൻ പോകുന്നില്ല. വർഗ്ഗീയത പടർത്തി കേരള സമൂഹത്തെ രണ്ടായും നാലായും വിഭജിക്കാൻ തന്നെയാവണം A വിജയരാഘവനെ സിപിഎം പാർട്ടി സെക്രട്ടറിയാക്കിയത്‌. ബിജെപി സംഘ്‌പരിവാർ നേതാക്കളേക്കാൾ വിഷം ചീറ്റുമ്പോൾ പുരോഗമന മതേതര ചേരി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിനു നാണമാവുന്നില്ലേ? മാരാർജി ഭവനും എകെജി സെന്ററും ഇനിയും രണ്ട്‌ കെട്ടിടമായി പ്രവർത്തിച്ച്‌ അധികച്ചെലവ്‌ ഉണ്ടാക്കേണ്ടതുണ്ടോ എന്ന് സിപിഎം ആലോചിക്കണം. ഒരേ ആശയം പ്രകടിപ്പിക്കാൻ ചർച്ച നടത്താൻ ഒരു കെട്ടിടം മതിയല്ലോ. റാന്നിയിലെ പോലെ BJP-CPIM പരസ്പര ധാരണയ്ക്കുള്ള എഗ്രിമന്റ്‌ എഴുതുന്ന മുദ്രപ്പേപ്പറിന്റെ പണവും ലാഭിക്കാം.