രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം ; വിമർശനവും പ്രതിഷേധവും ശക്തമായതോടെ മാപ്പ് പറഞ്ഞ് തലയൂരാനുള്ള ശ്രമവുമായി സി.പി.എം നേതാവ് സത്യന്‍ രംഗത്ത് | Video

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് തലയൂരാ‍ന്‍ സി.പി.എം നേതാവ് ടി സത്യന്‍. സംഭവത്തില്‍ വിമര്‍ശനവും പ്രതിഷേധവും ശക്തമായതോടെയാണ് മാപ്പ് പറഞ്ഞ് സത്യന്‍ രംഗത്തെത്തിയത്. വ്യക്തിപരമായ സംഭാഷണത്തില്‍ വൈകാരികതയോടെ ഉണ്ടായ പ്രതികരണമായിരുന്നു ഇതെന്നും എന്തിന്‍റെ അടിസ്ഥാനത്തിലായാലും അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും സത്യന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ഒരു ഉന്നതനായ നേതാവിനെതിരെ നടത്തിയ പരാമർശം തെറ്റായിപ്പോയെന്നും ഇനി അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും സത്യന്‍ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയതിന്‍റെ പേരില്‍ ഗഫൂര്‍ എന്നയാളെ ഭീഷണിപ്പെടുത്തിയതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെയും സത്യന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.  സി.പി.എം നേതാവും പൊന്നാനി നന്നംമുക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാണ്  ടി.സത്യൻ.

ലൈഫ് പദ്ധതി പ്രകാരം വീടിനായി ഫണ്ട് അനുവദിച്ച ഗഫൂർ എന്നായാൾക്ക് നേരെയാണ് മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സത്യൻ ഭീഷണി മുഴക്കിയത്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയത് ഉടൻ മാറ്റണമെന്നും അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ ഫണ്ട് അനുവദിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. ഇതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെയും  സത്യന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ  പ്രവർത്തനങ്ങൾ സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സംഭവം. നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സി.പി.എം നേതാവ് സത്യന്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.

https://www.youtube.com/watch?v=sriKfygBAUk

rahul gandhit sathyan
Comments (0)
Add Comment