ജയില്‍ ചട്ടലംഘനം; ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍‌ മാറ്റും : ഋഷിരാജ് സിംഗ്

ജയിലുകളിൽ ചട്ടലംഘനം നടത്തിയ ടി.പി കേസിലെ കുറ്റവാളികളുൾപ്പടെയുള്ളവരെ ജയിൽ മാറ്റുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജയിലിൽ കാര്യങ്ങൾ നടത്തുന്ന കാലം കഴിഞ്ഞെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ- വിയ്യൂർ ജയിലുകളിലെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.

ഇന്ന് പുലർച്ചെ കണ്ണൂരിലും വിയ്യൂരിലും നടത്തിയ റെയ്ഡിൽ സ്മാർട്ട് ഫോണുകളുൾപ്പെടെ തടവുകാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ടി.പി കേസ് പ്രതിയായ ഷാഫിയുടെ പക്കല്‍നിന്ന് 2 സിമ്മോടു കൂടിയ 2 മൊബൈൽ ഫോണും, കൊടി സുനിയുടെ പക്കല്‍നിന്ന് സിമ്മില്ലാത്ത മൊബൈൽ ഫോണ്‍ ഉൾപ്പെടെ 7 ഫോണുകളും ലഹരി വസ്തുക്കളും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ജയിലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതെന്നും പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഋഷിരാജ് സിംഗ് വിയ്യൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ കൂടുതൽ ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തും. വിചാരണയ്ക്കുവേണ്ടി പ്രതികൾ പുറത്തുപോകുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരത്തിൽ സാധനങ്ങൾ ജയിലിനകത്തേക്ക് എത്തുന്നത്. എല്ലാ മാസവും 15 ജയിലുകളില്‍ വീതം പരിശോധന നടത്തും. ഇത്തവണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവില്ല എന്നും തുടർന്ന് ഇത്തരം ചട്ടലംഘനങ്ങൾ ഉണ്ടായാല്‍ കർശന നടപടിയുണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

rishiraj singht.p chandrasekharan
Comments (0)
Add Comment