‘അയ്യപ്പനെ അവഹേളിച്ച സ്വരാജ് ഇനി നിയമസഭ കാണരുത്’ : കെ ബാബുവിന് കെട്ടിവെക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി

Jaihind News Bureau
Wednesday, March 17, 2021

കൊച്ചി : തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബാബുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ ബാബു ഏറ്റവും യോഗ്യൻ ആണെന്നും അയ്യപ്പനെതിരെ പറഞ്ഞ സ്വരാജ് ഇനി നിയമസഭ കാണരുതെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വെച്ചാണ് അദ്ദേഹം തുക കൈമാറിയത്. കയ്യില്‍ പണമുണ്ടായിട്ടോ കേമത്തത്തിന് വേണ്ടിയോ അല്ല  നാടിന്‍റെ വകയായാണ് താനിത് ചെയ്യുന്നത്. നിലവിലെ തൃപ്പൂണിത്തുറ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എം സ്വരാജ് ശബരിമല വിഷയത്തിലെടുത്ത നിലപാടിനോടുള്ള തന്‍റെ പ്രതിഷേധമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് കെ ബാബു. കെട്ടിവെക്കാനുള്ള പണം നല്‍കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം യുഡിഎഫ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു.