ജലീല്‍ കോണ്‍സുല്‍ ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ സത്യവാങ്മൂലം കോടതിയില്‍

കൊച്ചി: മുൻ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള സത്യവാങ്മൂലം സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. പ്രൊട്ടോകോള്‍ ലംഘിച്ച് കെ.ടി ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വ്യക്തമാക്കി. മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വച്ച്‌ കെ.ടി ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തില്‍ സ്വപ്ന പറയുന്നു.

നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് സര്‍ക്കാരിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നു. കത്തിന്‍റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച്‌ പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി.

യുഎഇ ഭരണാധികാരുകളുമായി നല്ല അടുപ്പം സ്ഥാപിക്കാനാണ് ജലീല്‍ ഇതുവഴി ശ്രമിച്ചത്. ഇതിന് സഹായമൊരുക്കണമെന്ന് കോണ്‍സല്‍ ജനറലിനോട് ജലീല്‍ അഭ്യര്‍ത്ഥിച്ചെന്നും സ്വപ്ന പറയുന്നു. കോണ്‍സല്‍ ജനറലിന് കത്ത് കൈമാറാന്‍ താന്‍ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടിച്ചെടുത്ത തൻ്റെ ഫോണ്‍ ഇപ്പോള്‍ കസ്റ്റഡി രേഖകളില്‍ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേശങ്ങളും ഈ ഫോണില്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനും തന്നെ കുരുക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്വപ്നാ സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

Comments (0)
Add Comment