സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നില്‍ പൊലീസ് ഇടപെടല്‍ ; നേതൃത്വം സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ; വിവരങ്ങള്‍ പുറത്ത്

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്‍റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ സംസ്ഥാന പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു. ശിവങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. നവംബർ 18ന് ഒരു ഓൺലൈൻ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.

എന്നാൽ സ്വർണക്കടത്ത് കേസ് അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്കു വ‍ലിച്ചിഴയ്ക്കാനും വഴിതെറ്റിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഉന്നത നിർദേശപ്രകാരം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു.

കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയിൽ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു അറിയില്ലെന്നും സ്വപ്ന സ്വപ്ന മൊഴി നൽകി.

ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സംഭാഷണം റെക്കോർഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോർന്നതെന്നും സ്വപ്ന കസ്റ്റംസിനെ അറിയിച്ചു. അതേ സമയം നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനാണു കേന്ദ്ര ഏജൻസികളുടെ സംയുക്ത തീരുമാനം.

Comments (0)
Add Comment