സ്വപ്‌നയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍പും ശ്രമിച്ചു; കുറ്റകൃത്യങ്ങള്‍ വെള്ളപൂശുന്ന തരത്തില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി; തെളിവുകള്‍ പുറത്തുവിട്ട് വി.പി സജീന്ദ്രന്‍ എംഎല്‍എ| VIDEO

Jaihind News Bureau
Saturday, July 25, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍പും ശ്രമിച്ചുവെന്നതിന്‍റെ തെളിവുകള്‍ പുറത്തുവിട്ട് വി.പി സജീന്ദ്രന്‍ എംഎല്‍എ. സ്വപ്‌നയുടെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശുന്ന തരത്തില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും അദ്ദേഹം പുറത്തുവിട്ടു.

എയർ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുന്ന കാലത്ത് സഹപ്രവർത്തകനെതിരെ നല്‍കിയ വ്യാജപരാതിയില്‍ സ്വപ്നക്കെതിരെ നടപടി എടുക്കാതെ സംരക്ഷിച്ചുവെന്നതിന്‍റെ വിവരങ്ങളാണ് വി.പി സജീന്ദ്രന്‍ പുറത്തുവിട്ടത്. ഇടതു സർക്കാരിന്‍റെ കാലത്ത്  ഉന്നതപൊലീസ് ഉദ്യോഗസഥരേയും മന്ത്രിമാരുള്‍പ്പടെയുള്ളവരേയും സ്വപ്ന സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുന്ന കാലത്ത് സ്വപ്‌ന സുരേഷ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സിബുവിനെതിരെ  നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ വ്യാജ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സ്വപ്‌ന സുരേഷിനെയും സംഘത്തേയും നിയമത്തിനു പിന്നില്‍ കൊണ്ടുവരുന്നതിനായി സിബുവിന്‍റെ പരാതിയില്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും സ്വപ്‌നയുടെ സ്വാധീനത്തെ തുടര്‍ന്ന് തുടര്‍ നടപടികളുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിയുകയും എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബിനെ മാത്രം പ്രതി ചേര്‍ത്ത് 2017 ജൂലായ് 6ന് ഇടത് സര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എസ് സന്തോഷ്,  സ്വപ്നയെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍ കുമാറിന്‍റെ  നേതൃത്വത്തില്‍ അന്വേഷണം നടന്നെങ്കിലും ഡിവൈഎസ്പിയെ സ്വാധീനിച്ച് സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ടുകൊണ്ടുപോകുകയാണുണ്ടായത്‌.  സ്വപ്‌നയ്ക്ക് വ്യാജ പരാതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇത്തരത്തില്‍ ആഭ്യന്തരവകുപ്പിന്‍റെ അറിവോടെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ സ്വപ്‌ന സുരേഷിന് എങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ആരെല്ലാം സ്വാധീനിച്ചുവെന്നും എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരണമെന്നും വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു.

 

https://www.facebook.com/KPCC.VPSajeendran/videos/1161981374178988/

 

https://www.facebook.com/KPCC.VPSajeendran/posts/2666069047014216