ജോലി വാങ്ങി നല്‍കി, സ്ത്രീയെന്ന നിലയില്‍ ചൂഷണം ചെയ്തു; ശിവശങ്കറിന്‍റെ ആത്മകഥയില്‍ ഇടഞ്ഞ് സ്വപ്ന സുരേഷ്

Jaihind Webdesk
Friday, February 4, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ള ശിവശങ്കറിന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലാണ് സ്വപ്നയുടെ വിമര്‍ശനം. തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ അത് മോശമാണ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാനമായ ഭാഗമായ ആളാണെന്നും  ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെന്നും സ്വപ്ന തുറന്നടിച്ചു.

ശിവശങ്കിന് താന്‍ ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്.  ബംഗളുരുവിലേക്ക് ഉൾപ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന വ്യക്തമാക്കി. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞു.  സ്വര്‍ണ്ണക്കടത്ത് കേസിന് മുമ്പ് വിആര്‍എസ് എടുത്ത് യുഎഇയില്‍ താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. സ്പേസ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന വെളിപ്പെടുത്തി. സ്ത്രീയെന്ന നിലയില്‍ തന്നെ ചൂഷണം ചെയ്തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പ്രതികരിച്ചു.

താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്‍റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലുള്ള ശിവശങ്കറിന്‍റെ പുസ്തകം ശനിയാഴ്ചയാണ് പുറത്തിറക്കുന്നത്. ഡിസി ബുക്സാണ് പ്രസാധകര്‍.