സ്വപ്നയുടെ ശബ്ദരേഖ ; ഇ.ഡി അന്വേഷണം തുടങ്ങി

Jaihind News Bureau
Thursday, November 19, 2020

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയെക്കുറിച്ച്‌ ഇ.ഡി അന്വേഷണം തുടങ്ങി. അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്തതാണോ  ശബ്ദ സന്ദേശമെന്നാണ് ഉയരുന്ന സംശയം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് നീങ്ങുന്ന അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വ്വം റെക്കോര്‍ഡ് ചെയ്തതെന്നാണ് ഇ.ഡിയുടെ സംശയം. മൊഴിയെടുത്തതെന്ന് സന്ദേശത്തില്‍ പറയുന്ന തീയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ച്‌ സ്വപ്ന വെളിപ്പെടുത്തിയതും പത്താം തീയതിയാണെന്നാണ് ഇഡി വാദം. ആ ദിവസമാണ് ശിവശങ്കറിന്റെ സ്വര്‍ണ്ണക്കടത്തിലെ ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ചും പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെ  വഴിതെറ്റിക്കാനാണ് ഇത്തരത്തിലൊരു സന്ദശം പുറത്തുവിട്ടതെന്നും ഇഡി പറയുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിച്ച് വരുത്താൻ നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ ശബ്ദ സന്ദേശം പുറത്ത് വരുന്നത് എന്നതും ദുരൂഹമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം  സന്ദേശത്തിലെവിടെയും ഇഡി എന്ന് സൂചിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശബ്ദ സന്ദേശം പുറത്തുപോയത് വനിതാ ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്.