കെ-ഫോണ്‍ പദ്ധതി നടത്തിപ്പില്‍ സ്വപ്ന സുരേഷിന്‍റെ വഴിവിട്ട ഇടപെടല്‍; ക്രമക്കേടിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Jaihind Webdesk
Tuesday, July 7, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള നിരവധി ഇടപാടുകളിലാണ് സ്വപ്‌ന ബന്ധപ്പെട്ടത്. കെ – ഫോണ്‍ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്‍റ് യൂണിറ്റായി വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചതും സ്വപ്നയുടെ ഇടപെടലിനെ തുടര്‍ന്നാണ്.

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുമായി സഹകരിച്ചുണ്ടാക്കിയ കെ-ഫോണ്‍ എന്ന പദ്ധതിയിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നത്. കെഎസ്ഇബിയും കെഎസ്‌ഐറ്റിഐഎല്‍എമ്മും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് രൂപീകരിച്ചത്. പ്രസ്തുത കമ്പനിയെ സഹായിക്കാന്‍ വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വപ്ന നടത്തിയ ഇടപെടലിനെതുടര്‍ന്നാണ് നടപടി എന്ന് വ്യക്തം. ഐടി സെക്രട്ടറി കൂടിയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ താല്‍പര്യവും ഇതിന് സഹായകമായി.

പതിനാലാം കേരള നിയമസഭയുടെ പത്തൊന്‍പതാം സമ്മേളനത്തില്‍ ഇ.എസ് ബിജിമോള്‍, ജിഎസ് ജയലാല്‍, സി.കെ ആശ, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിന് 10.03.2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. പിഡബ്ല്യുസിയെ കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിന് പ്രധാന ചുതലക്കാരാക്കിയത് എന്ത് മാനദണ്ഡം വെച്ചാണെന്ന കാര്യവും ദുരൂഹമാണ്. നിയമങ്ങള്‍ കാറ്റില്‍പറത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്ന സുരേഷിന്റെ സ്വാധീനത്തില്‍ എം ശിവശങ്കര്‍ ഇത്തരം ഒരു നടപടിയിലേക്ക് കടന്നത് എന്നാണ് ആരോപണം.