സ്വർണ്ണക്കടത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന; പ്രധാനമന്ത്രിക്ക് കത്ത്

Jaihind Webdesk
Tuesday, June 21, 2022

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍നാ സുരേഷിന്‍റെ കത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കത്തിൽ പറയുന്ന സ്വപ്ന മുഖ്യ സൂത്രധാരൻ എം ശിവശങ്കറാണെന്നും ചൂണ്ടിക്കാണിക്കുന്നു.

സ്വപ്ന ഇപ്പോൾ ജോലി ചെയുന്ന പാലക്കാട്ടെ എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തിന്‍റെ ലെറ്റർ ഹെഡിലാണ് കത്ത്. സ്വർണ്ണക്കടത്ത് കേസിൽ പ്രധാന പങ്ക് വഹിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണെന്ന് സ്വപ്ന കത്തിൽ ആരോപിക്കുന്നു. സർക്കാരിന് വേണ്ടിയാണ് ഇത് ചെയ്തത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. കസ്റ്റംസ് – എൻഐഎ അന്വേഷണം ശരിയായ ദിശയിലല്ല . ഇ.ഡി അന്വേഷണം തൃപ്തികരമാണെന്നും സ്വപ്ന പറയുന്നു. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.