സ്വപ്നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന ; നീക്കം ഉന്നതകേന്ദ്രങ്ങളില്‍ ?

Jaihind Webdesk
Thursday, November 19, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ കോഫെ പോസ പ്രകാരം കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്തായതിനുപിന്നില്‍ ഉന്നതർ ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന് സൂചന. അട്ടക്കുളങ്ങര വനിത ജയിലില്‍ സ്വപ്നയെ കാണാന്‍  ജയില്‍ ചട്ടം ലംഘിച്ച് നിരവധി ആളുകള്‍ വരുന്നു എന്ന് കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. സുരേന്ദ്രന്‍റെ ഈ വാക്കുകളും കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കർ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ എഴുതിക്കൊടുത്ത  അപേക്ഷയിലും പറഞ്ഞത് ഇ.ഡി ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാന്‍ സമ്മർദ്ദം ചെലുത്തുന്നു എന്നാണ്. ഇതു രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇതിനുപിന്നിലുള്ള ഗൂഢാലോചന വ്യക്തം.

ഇ.ഡിയുടെ അന്വേഷണം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിരോധിക്കാന്‍ ചെയ്ത നീക്കങ്ങളില്‍ ചിലതാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്നാണ് സ്വപ്നയുടെ ശബ്ദരേഖയിലൂടെ വ്യക്തമാക്കിയത്. സർക്കാരിന്‍റെയും ജയില്‍ അധികൃതരുടേയും മാനസികമായ പിന്തുണയില്ലാതെ ശബ്ദരേഖ പുറത്തുപോകില്ല എന്നതാണ് ഇതേക്കുറിച്ചുള്ള പ്രാഥമിക അന്വേഷത്തില്‍ നിഗമനം. മാത്രവുമല്ല സ്വർണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുള്ള സന്ദീപ് നായർ നല്‍കിയ രഹസ്യ മൊഴിയില്‍ സ്വപ്നയെയും ശിവശങ്കറിനെയും സംസ്ഥാന ഭരണകൂടത്തിലെ ഉന്നതരേയും കുരുക്കുന്ന ചില മൊഴികള്‍ ഉണ്ടെന്നും അതിനെ പ്രതിരോധിക്കാനാണ് സ്വപ്നയുടെ ശബ്ദരേഖയിലൂടെ ഈ പുതിയ നീക്കം.

കേസ് അന്വേഷിക്കുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളാണെങ്കിലും സംസ്ഥാനത്തെ ജയിലുകളിലാണ് പ്രതികള്‍ എല്ലാവരും ഉള്ളത്. അതുകൊണ്ട് തന്നെ മാനസികമായ  പിന്തുണയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് പരസ്യമല്ലാത്ത രഹസ്യമാണ്. സ്വപ്നയെക്കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിർബന്ധിക്കുമെന്ന് പറയിപ്പിച്ചത് വഴി മുഖ്യമന്ത്രിക്കും സർക്കാരിനും പൊതുസമൂഹത്തില്‍ നിന്നും ക്ലീന്‍ചിറ്റ്  ലഭിക്കും എന്ന തിരിച്ചറിവാണ്. അങ്ങനെ പൊതുസമൂഹത്തിന്‍റെ സഹാനുഭൂതിയും കേന്ദ്ര സർക്കാർ ഏജന്‍സികള്‍ പീഡിപ്പിക്കുകയാണെന്നും അന്വേഷണത്തില്‍ കേന്ദ്രത്തിന്‍റെ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്ന് വരുത്തിതീർക്കാനാണ് ശബ്ദരേഖയിലൂടെ ബുദ്ധികേന്ദ്രങ്ങള്‍ ശ്രമിച്ചത്.

ശബ്ദരേഖ പുറത്തായതിനെക്കുറിച്ച് ജയില്‍ ഡിജിപി ഋഷി രാജ് സിങ് ഉടന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കള്ളന്‍ കപ്പലില്‍ തന്നെയായതുകൊണ്ട് അന്വേഷണ പുരോഗതി എന്തായിരിക്കുമെന്നത് മുന്‍വിധിയോടെ കാണാം. എന്നാല്‍ സത്യസന്ധതയിലും നീതിഅധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഋഷിരാജ് സിങ്ങിന്‍റെ നീക്കങ്ങള്‍ നിഷ്പക്ഷമായാല്‍ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് വരുംദിവസങ്ങളില്‍ വന്‍ വിവാദത്തിന് വഴിവെക്കുമെന്നാണ് സൂചന.