ശബ്ദം സ്വപ്നയുടേത് തന്നെ ; സ്ഥിരീകരിച്ച് ജയില്‍ ഡിഐജി

Jaihind News Bureau
Thursday, November 19, 2020

 

തിരുവനന്തപുരം: സ്വപ്നയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്‍റേത് തന്നെ എന്ന് സ്വപ്ന സമ്മതിച്ചതായി ദക്ഷിണ മേഖല ഡിഐജി അജയകുമാർ.കൂടുതൽ വിശദാംശങ്ങൾ സൈബർ സെൽ പരിശോധിക്കും. അട്ടക്കുളങ്ങര ജയിലിൽ  നിന്നല്ല ശബ്ദ  സംഭാഷണം പുറത്തു പോയതെന്നും ഡിഐജി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ശബ്ദം തന്‍റേതാണെങ്കിലും എപ്പോള്‍ സംസാരിച്ചതാണെന്ന് ഓർമ്മയില്ല എന്നാണ് ജയിൽ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞത്. കസ്റ്റഡിയിലിരിക്കുമ്പോൾ  റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ജയിൽ വകുപ്പിന്‍റെ നിഗമനം. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ   ജയിൽ ഡിജിപിക്ക്  സമർപ്പിക്കും.

അതേസമയം ഇ.ഡിയുടെ അന്വേഷണം ശക്തമാകുന്ന  സാഹചര്യത്തില്‍ സർക്കാറിനെയും മുഖ്യമന്ത്രിയെയും  പ്രതിരോധിക്കാന്‍ ചെയ്ത നീക്കങ്ങളുടെ ഭാഗമായാണ്  സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.