സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനം; യുഎഇയിൽ വച്ച് ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ.ഡി

Jaihind News Bureau
Friday, August 14, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചു.  സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് എം ശിവശങ്കറിന് നല്ല ധാരണയുണ്ടെന്ന് സ്വപ്നയുടെ മൊഴിയിൽ ബോധ്യമായെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. ഇ ഡി യുടെ ആവശ്യപ്രകാരം സ്വപ്ന ഉൾപ്പടെ 3 പ്രതികളെ കോടതി തിങ്കളാഴ്ച്ച വരെ കസ്റ്റഡിയിൽ വിട്ടു.

എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വപ്നയെ 3 ദിവസമായി 20 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തു. സ്വപ്നയും എം ശിവശങ്കറും യുഎഇയിൽ വച്ചും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. പ്രളയ ഫണ്ട് ശേഖരണത്തിനായി വിദേശത്ത് പോയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച. 2018 ഒക്ടോബർ 17 നും 21 നും മധ്യേയായിരുന്നു കുടിക്കാഴ്ച്ചയെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെത് ദുരൂഹ വ്യക്തിത്വമെന്ന് എം. ശിവശങ്കറിന് അറിയാമായിരുന്നു.  ഇക്കാരണങ്ങളാൽ, എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും ഇ.ഡി പ്രിൻസിപ്പൽ സെഷൻസ്കോടതിയെ അറിയിച്ചു.

ഇതോടെ കസ്റ്റംസ്, എന്‍ഐഎ എന്നീ അന്വേഷണ ഏജൻസികൾക്ക് പുറമെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ പോവുകയാണ്.  അതിനിടെ, സ്വപ്ന, സരിത്, സന്ദീപ് എന്നീ 3 പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഇ ഡി കോടതിയോട് ആവശ്യപ്പെട്ടു.  നാല് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ അംഗീകരിച്ചു. ചോദ്യം ചെയ്യൽ രാവിലെ 10 നും 5 നും മധ്യേ മാത്രം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

teevandi enkile ennodu para