സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റി

Jaihind News Bureau
Wednesday, October 14, 2020

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റി. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലും സന്ദീപ് നായരെ പൂജപ്പുര സെൻട്രൽ ജയിലിലും എത്തിച്ചു. കൊഫേപോസ നിയമം ചുമത്തിയതിനെ തുടർന്നാണ് ജയിൽമാറ്റ നടപടി.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായരെ പൂജപ്പുര സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിലുമെത്തിച്ചു.
പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. കാക്കനാട് ജില്ലാ ജയിലിലെ നടപടികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസമാണ് സ്വപ്ന സുരേഷിന്‍റെ ജയിൽ മാറ്റം വൈകുന്നതിനുള്ള കാരണം. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമ്പോൾ, കേസ് അന്വേഷണം ഇനി തലസ്ഥാനനഗരി കേന്ദ്രീകരിച്ച് ആകും മുന്നോട്ട് പോകുക. സ്വർണക്കടത്ത് അന്വേഷിക്കുന്ന വിവിധ ഏജൻസികൾ പ്രതികളെ തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. കൊഫേപോസ ചുമത്തിയതോടെ ഇരുവരെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാൻ കഴിയും. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചാലും പ്രതികൾ ജയിലിൽ തുടരേണ്ടിവരും. പ്രതികൾ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വാദം. ഈ പശ്ചാത്തലത്തിലാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്തിയത്.