സ്വപ്നയെയും സന്ദീപിനെയും എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു; ജ്വല്ലറിക്കു വേണ്ടിയല്ല, ഭീകര പ്രവർത്തനത്തിനു വേണ്ടിയാണ് സ്വർണ്ണക്കടത്തെന്നും എൻഐഎ

Jaihind News Bureau
Monday, July 13, 2020

സ്വർണ്ണ കടത്ത് കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ ഐ എയുടെ കസ്റ്റഡിയിൽ വിട്ടു. ജ്വല്ലറിക്കു വേണ്ടിയല്ല, ഭീകര പ്രവർത്തനത്തിനു വേണ്ടിയാണ് സ്വർണ്ണക്കടത്ത് എന്ന് കോടതിയെ എൻഐഎ അറിയിച്ചു. സ്വർണ്ണക്കടത്തിനായി പ്രതികൾ വ്യാജരേഖ ചമച്ചതായും എൻഐഎ വ്യക്തമാക്കി. വിദേശത്തുള്ള ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കാൻ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി.

സ്വർണ്ണക്കടത്ത് കേസിൽ 3 ദിവസത്തെ റിമാൻറിലായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇരുവരേയും കസ്റ്റഡിയിൽ ലഭിക്കാൻ എൻഐഎ രാവിലെ കോടതിയിൽ അപേക്ഷ നൽകി. പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഉച്ചക്ക് ശേഷം ഇരുവരേയും കോടതിയിൽ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് NIA നൽകിയത്. എന്നാൽ കോടതി 9 ദിവസത്തേക്ക് ഇരു പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടു. സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ബാഗ് NIA ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് പരിശോധിക്കണമെന്ന് NIA ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസിലെ പ്രതികൾ 2019 മുതൽ സ്വർണ്ണം കടത്തിയിട്ടുണ്ട്.

നേരത്തെ 9 ഉം,18ഉം കിലോ വീതം സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും NlA പറഞ്ഞു. ജ്വല്ലറിക്കു വേണ്ടിയല്ല, ഭീകര പ്രവർത്തനത്തിനു വേണ്ടിയായിരുന്നു സ്വർണ്ണക്കടത്ത് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും NIA ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വ്യാജമായി യു എ ഇ എംബ്ലവും, സീലും, വിലാസവും പ്രതികൾ ഉണ്ടാക്കി.

നയതന്ത്ര പരിരക്ഷക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ചത്. യു എ യി ലാണ് പ്രധാനമായും തട്ടിപ്പ് നടന്നതെന്നും NIA അറിയിച്ചു. അതിനിടെ, അറ്റാഷെയുടെ പേരിൽ ബാഗേജ് വന്നിട്ടും എന്തുകൊണ്ട് അറ്റാഷെയെ കേസിൽ ഉൾപ്പെടുത്തിയില്ല എന്ന് പ്രതി സന്ദീപ് നായർ കോടതിയിൽ ചോദിച്ചു. മാത്രമല്ല, കസ്റ്റംസ് ക്ലിയറൻസ് ഏജന്‍റും എന്തുകൊണ്ട് കേസിൻ്റെ ഭാഗമാകുന്നില്ല എന്നും സന്ദീപ് നായർ കോടതിയിൽ പറഞ്ഞു. മുന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്ന് NIA തിരുത്തി നൽകി. ഇയാൾ എറണാകുളം സ്വദേശിയല്ല, തൃശൂർ കൈപ്പമംഗലം സ്വദേശിയാണെന്നും NIA കോടതിയിൽ തിരുത്തി.

ഫൈസൽ ഫരീദിനെ നാട്ടിൽ എത്തിക്കാൻ ഇൻ്റർപോളിൻ്റെ സഹായം വേണമെന്നും അതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കോടതി ഉത്തരവു വേണമെന്നും NIA ആവശ്യപ്പെട്ടു. അതിനിടെ, കസ്റ്റംസ് ഇന്നലെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി റമീസിനെ കസ്റ്റംസ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സരിത്, സ്വപ്ന, സന്ദീപ് എന്നിവർക്ക് പുറമെ റമീസിനെയും ഉൾപ്പെടുത്തി കസ്റ്റംസ് കേസിൽ പുതിയ പ്രതിപ്പട്ടിക തയ്യാറാക്കി. റീമസിനെ NIA യും പ്രതിപ്പട്ടികയിൽ ചേർക്കും. കസ്റ്റഡിയിൽ കിട്ടിയ സ്വപ്ന, സന്ദീപ് എന്നിവരെ കടുതൽ ചോദ്യം ചെയ്യുന്നതോടെ ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്നുതന്നെയാണ് NIA വൃത്തങ്ങൾ നൽകുന്ന സൂചന.