സ്വര്‍ണ്ണക്കടത്ത്: സ്വപ്നയും സന്ദീപും 21 വരെ റിമാന്‍ഡില്‍

Jaihind News Bureau
Saturday, August 1, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്വപ്നയേയും സന്ദീപിനേയും  5 ദിവസത്തേക്കായിരുന്നു  കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍രെ മൊഴിയില്‍ ശിവശങ്കറിന്‍റെ  സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്തും.

സ്വപ്ന സുരേഷിനൊപ്പം ബാങ്കിലെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്‍റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്‍റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്.