അനീതി മുഖമുദ്രയാക്കിയ സർക്കാരിനെതിരായ യുവാക്കളുടെ ശബ്ദം – “സ്വാഭിമാന യാത്ര”യുടെ ആദ്യ ദിന പര്യടനം പൂർത്തിയായി

Jaihind News Bureau
Friday, October 9, 2020

നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ നേതൃത്വം നൽകുന്ന സ്വാഭിമാനയാത്രയുടെ ആദ്യ ദിന പര്യടനം പൂർത്തിയായി. ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് നടൻ സലീം കുമാർ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച യാത്ര 30 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ചു ഉദയം പേരൂരിൽ സമാപിച്ചു.

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഢനത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനും, കേസ് അട്ടിമറിക്കാനും യു.പി സർക്കാർ ശ്രമിക്കുകയാണെന്നും, ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നേരെ യുപി പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സ്വാഭിമാന യാത്ര നടത്തുന്നത്. രാവിലെ 9.30 ഓടെ നടൻ സലീം കുമാർ ആലുവ അദ്വൈതാശ്രമത്തിന് സമീപം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡൻ്റുമാരും അടക്കം ഇരുപത് ആളുകൾ മാത്രമാണ് ഒരേ സമയം ജാഥയിൽ പങ്കെടുത്തത്. എംപിമാരായ രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ വി.ഡി സതീശൻ, അൻവർ സാദത്ത് തുടങ്ങിയവരും ജാഥക്ക് പിന്തുണയുമായെത്തി. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച് 30 കിലോമീറ്റർ കാൽ നടയായി ആലുവ, കളമശേരി, തൃപ്പൂണിത്തറ, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു വൈകിട്ട് 7.30 ഓടെ ഉദയം പേരൂരിൽ സമാപിച്ചു.

ജാഥ കടന്നു പോവുന്ന വഴിയിൽ അഞ്ചു പേർ വീതം അണിനിരന്ന് അഭിവാദ്യം അർപ്പിക്കുകയും, യോഗിയുടെയും, മോദിയുടെയും കോലം കത്തിക്കുകയും ചെയ്തു. നാളെ രാവിലെ 9 മണിക്ക് ഉദയം പേരൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറ് മണിയോടെ കോട്ടയം വൈക്കം സത്യഗ്രഹ ഭൂമിയിൽ സമാപിക്കും.